പ്രപഞ്ചവിജ്ഞാനത്തിലെ അടിസ്ഥാന സങ്കൽപ്പങ്ങൾ മൂന്നെണ്ണമാണ്, ഏകാത്മകത(Homogeneity ) ,സമദിശീയത(Isotropy), സാർവ്വത്രികത (Universality).
ഏകാത്മകത കൊണ്ട് ഉദ്ദേശിക്കുന്നത് പ്രപഞ്ചത്തിന്റെ ഏതൊരു ഭാഗം എടുത്താലും ഒന്നു മറ്റൊന്നിനെ പോലിരിക്കും. സ്വാഭാവികമായും നക്ഷത്രങ്ങളിൽ ഇത് ബാധകമല്ല. ഇത് വൻ ഭാഗങ്ങൾക്കേ ബാധകമാകൂ. അവിടെ ഗാലക്സികൾ, ഗ്രഹങ്ങൾ, ഉപഗ്രഹങ്ങൾ ഇങ്ങനെ പല രൂപത്തിലായി ദ്രവ്യം സംഘനിച്ചിരിക്കുന്നതായി കാണാം. ഒരു തരത്തിലുള്ള ഏകാത്മകതയും കാണുന്നതല്ല. എന്നാൽ കോടിക്കണക്കിനു പ്രകാശവർഷം വലിപ്പമുള്ള ഒരു പ്രദേശമെടുത്താൽ അതിന്റെ സാമാന്യ ഘടനയും ചേരുവകളും തന്നെ ആയിരിക്കും അതേ വലിപ്പമുള്ള മറ്റൊരു പ്രദേശത്തിന്റെയും. അങ്ങനെ വ്യാപകമായ അർത്ഥത്തിൽ ദ്രവ്യവും ഊർജവും ഈ പ്രപഞ്ചത്തിൽ ഏകാത്മകമായി വിതരണം ചെയ്തിരിക്കുന്നത് എന്ന് സങ്കല്പിക്കാം.
സമദിശീയത : ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് നാം എവിടെ നിന്നു എങ്ങോട്ട് നോക്കിയാലും കാണുന്ന കാഴ്ചകൾ മൊത്തത്തിൽ ഒരേപോലെ ഇരിക്കും എന്നാണ്. പ്രാദേശിക വ്യത്യാസങ്ങൾ അവഗണിക്കുകയാണെങ്കിൽ ഇന്നു നമുക്ക് ശക്തങ്ങളായ ഉപകരണങ്ങളുടെയും പ്രതിവിധികളുടെയും സഹായത്തോടുകൂടി ആയിരം കോടി പ്രകാശവര്ഷത്തിലധികം ദൂരെയുള്ള ഗാലക്സികളും ക്വാസാറുകളും 'കാണാൻ 'കഴിയും. ഒരു ഡിഗ്രി ഘനകോൺ അവിടം വരെ നീട്ടുകയാണെങ്കിൽ അതിനകത്ത് എന്തെല്ലാം കാണുന്നുവോ അതുതന്നെ ആയിരിക്കും ഏത് ദിശയിൽ നോക്കിയാലും കാണുന്നത്. മാത്രമല്ല, എവിടെ നിന്നും, കോടിക്കണക്കിന് പ്രകാശവർഷം അകലെയുള്ള ഗാലക്സികളിൽ നിന്നു നോക്കിയാലും കാണുന്ന ദൃശ്യം ഇതുതന്നെ ആയിരിക്കും എന്നാണ് സമദിശീയതാ സങ്കൽപ്പം കൊണ്ട് ഉദ്ദേശിക്കുന്നത്.
സാർവ്വത്രികത : ഭൂമിയിൽ നമുക്ക് അറിയാവുന്ന നിയമങ്ങൾ, ഉദാഹരണത്തിന് ഗുരുത്വാകർഷണ നിയമം, പ്രപഞ്ചത്തിലെ എല്ലായിടത്തും സാധുവാണ് എന്നതാണ് സാർവ്വത്രികത കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതനുസരിച്ചു പ്രപഞ്ചത്തിനു ഒരു അതിരോ, ഒരു കേന്ദ്രമോ ഉള്ളതായി നമുക്ക് സങ്കൽപ്പിക്കാൻ കൂടി പറ്റില്ല. കാരണം, അത്തരം സ്ഥാനങ്ങൾ മറ്റു സ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായിരിക്കും. എല്ലാ ഗാലക്സികളും നമ്മിൽ നിന്നു അകലുന്നതായി നാം കാണുന്നു. എവിടെ പോയാലും ഇത് തന്നെയാണ് കാണുക. ഈ വികസനത്തിന് ഒരു കേന്ദ്രമില്ല.
Monday, 26 June 2017
പ്രപഞ്ചവിജ്ഞാനത്തിലെ ചില അടിസ്ഥാനസങ്കൽപ്പങ്ങൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment