Saturday, 8 July 2017

മെർക്കുറി ദ്രാവകമായിരിക്കുന്നതെന്തു കൊണ്ട്?


     ഒരു ലോഹമായ രസം (mercury) സാധാരണ താപനിലയിൽ ദ്രാവകമാണ്. ഈ താപനിലയിൽ ഇരുമ്പും ചെമ്പുമൊക്കെ ഖര പദാർത്ഥങ്ങളാണ്. എന്നാൽ ലോഹങ്ങളിൽ രസം മാത്രം അല്ല ദ്രാവകമായിട്ടുള്ളത്. ഗാലിയവും, സീഷിയവും റുബീഡിയവും താണ താപനിലയിൽ ദ്രാവകമാണ്. ഉയർന്ന  താപനിലകളിൽ എല്ലാ ലോഹങ്ങളും ദ്രാവകാവസ്ഥയിൽ ആക്കാൻ സാധിക്കും. എന്നാൽ സാധാരണ അന്തരീക്ഷ താപനിലയിലും മർദത്തിലും ദ്രാവകമായിട്ടുള്ള ലോഹങ്ങളിൽ പ്രധാനി രസം ആണെന്ന് പറയാം. അത് -38. 87°C ന് മേൽ ദ്രാവകമായിരിക്കും. സീഷിയം 28. 5°C നും ഗാലിയം 30°C നും റുബീഡിയം 39°C നും ഈ സ്വഭാവം കാണിക്കും.
     എല്ലാ വസ്തുക്കളുടെയും അവസ്ഥ ഒന്നിൽ നിന്നു മറ്റൊന്നിലേക്കു മാറ്റാൻ കഴിയും. ഏതൊരു വസ്തുവിന്റെയും അവസ്ഥ അതിന്റെ താപനിലയെയും മർദത്തെയും ആശ്രയിച്ചിരിക്കുന്നു. താപനില തന്മാത്രകളുടെ ചലനനിലവാരമാണ്. ചൂട് കൂടുമ്പോൾ യഥാർത്ഥത്തിൽ തന്മാത്രകളുടെ ചലനം കൂടുകയാണ്. ഖര പദാർത്ഥത്തിൽ തന്മാത്രകളുടെ ചലന സ്വാതന്ത്ര്യം  വളരെ കുറവാണ്. എന്നാൽ വസ്തുവിന്റെ താപനില കൂടുമ്പോൾ അവയുടെ ഗതികോർജം കൂടുകയും ചലനം വർധിക്കുകയും ചെയ്‌യുന്നു. ദ്രാവകാവസ്ഥയിൽ ചലന സ്വാതന്ത്ര്യം കുറേകൂടി കൂടുതൽ ആണ്. വാതകാവസ്ഥയിൽ ഇത് ഏറ്റവും കൂടുതലാകുന്നു.
     ഒരു വസ്തു ഏതാവസ്ഥയിൽ ഇരിക്കുന്നു എന്നത് തന്മാത്രകളുടെ ചലന സ്വഭാവത്തെ ആശ്രയിച്ചിരിക്കുന്നു. ഈ ചലന സ്വാതന്ത്ര്യം തന്മാത്രകൾ തമ്മിലുള്ള ആകർഷണത്തെയും ആശ്രയിക്കുന്നുണ്ട്. തന്മാത്രകൾ തമ്മിലുള്ള ആകർഷണം കുറവായാൽ ഒരു വസ്തു കൂടുതൽ ബാഷ്പീകരണ സ്വഭാവമുള്ളതായിരിക്കും. ഖരാവസ്ഥയിൽ ഉള്ള ലോഹങ്ങളിൽ 'ലോഹ ബന്ധനം ' എന്നറിയപ്പെടുന്ന തന്മാത്ര ബന്ധം വളരെ ശക്തമാണ്. എന്നാൽ രസത്തിന്റെ കാര്യത്തിൽ ഇത്തരം ബന്ധനത്തിന്റെ ശക്തി കുറവാണു. അതിനാൽ രസം സാധാരണ താപനിലയിൽ ദ്രാവകമായിരിക്കുന്നു.

No comments:

Post a Comment