Friday, 9 March 2018

എന്നെങ്കിലും രാവും പകലും തിരിച്ചറിയാകാനാകാത്ത വിധം ശോഭയുള്ളതാവുമോ?

രാത്രി കാണുന്ന നക്ഷത്രങ്ങളിലെ വെളിച്ചമെല്ലാം എന്നും നമുക്ക് നേരെ വന്നുകൊണ്ടിരിക്കുകയാണല്ലോ,അങ്ങനെയെങ്കിൽ എന്നെങ്കിലും അതെല്ലാം കൂടി നിറഞ്ഞു എപ്പോഴെങ്കിലും രാത്രി മുഴുവൻ പകല്പോലെപ്രകാശമാവുമോ?


ആദ്യ കാലത്തു ശാസ്ത്രത്തിലെ ഒരു ഉത്തരമില്ലാ പ്രഹേളികയായിരുന്നു(Paradox) ഇത്. ഓൾബേർസ് പാരഡോക്സ്(Olber's Paradox) എന്നറിയപ്പെടുന്ന ചോദ്യം.

സൂര്യന്റെ സാന്നിധ്യമാണ് പകലെന്ന വെളിച്ചം കൂടിയ അവസ്ഥ നമുക്ക് ഉണ്ടാക്കി തരുന്നത്. എന്നാൽ രാവും പകലും ഇല്ലാതെ തന്നെ അങ്ങകലെയുള്ള നക്ഷത്രങ്ങളിലെയും ഗാലക്സികളിലെയും മറ്റും പ്രകാശം നമ്മളിലേക്ക് വന്നുകൊണ്ടേ ഇരിക്കുകയാണ്. സൂര്യന്റെ ശോഭയേറിയ തിളക്കത്തിൽ പകൽ സമയത്തു അതറിയുന്നില്ലെന്നേ ഉള്ളു. 

ചിത്രം : വിക്കി 

ആദ്യ കാലത്തു കരുതിയിരുന്നത് ഭൂമിക്ക് ചുറ്റും വലിയൊരു ഗോളമുണ്ടെന്നും(Sphere) ആകാശത്തു കാണുന്ന നക്ഷത്രങ്ങളെല്ലാം ആ ഗോളത്തിലാണെന്നും, ഗ്രഹങ്ങളും സൂര്യനുമെല്ലാം ഭൂമിക്ക് ചുറ്റും കറങ്ങുകയും ആണെന്നായിരുന്നു(Geocentric universe). ഭൂമിക്ക് ചുറ്റും സൂര്യനല്ല,സൂര്യനും ചുറ്റും ഭൂമിയാണെന്ന് പിന്നീട് മനസ്സിലായപ്പോഴും(Heliocentric universe), നക്ഷത്രങ്ങളുടെ സ്ഥാനം ആ വലിയ ഗോളത്തിൽ തന്നെയായിരുന്നു. അങ്ങനെയെങ്കിൽ, ആ ഗോളത്തിൽ നിന്നുള്ള പ്രകാശം എല്ലാം കൂടി പരസ്പരം കണ്ടുമുട്ടുകയും,തിരിച്ചും മറിച്ചും കൂട്ടിമുട്ടി പ്രപഞ്ചമാകെ മുഴുവൻ പ്രകാശമയമാവുകയും,രാവും പകലും വ്യത്യാസമില്ലാതെ ശോഭിക്കുമെന്നും ഒൽബേർസ് പാരഡോക്സ് പറഞ്ഞു. പറഞ്ഞെന്നല്ല,അങ്ങനെയാവേണ്ടതല്ലേ എന്ന് ഒലിബേർസ് പാരഡോക്സ് ഉന്നയിച്ചു.


ആകാശത്തിലെ പാറകളും വാതകങ്ങളും മറ്റു വസ്തുക്കളും ഈ പ്രകാശത്തെ ആഗിരണം ചെയ്യുന്നത് കൊണ്ട് അവ അത്രക്കും അധികംപരക്കുകയില്ലെന്നും ,അവ പ്രകാശത്തെ നിയന്ത്രിക്കുമെന്നും ഒരു ഉത്തരം വന്നെങ്കിലും,അതിനൊരു പരിധിയുണ്ടെന്നും,വരുന്ന പ്രകാശത്തിന്റെ തീവ്രതയനുസരിച്ചും,വസ്തുവിന്റെ ആഗിരണം ചെയ്യാനുള്ള ശേഷിയനുസരിച്ച്ചും ആയിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. ഇനി അഥവാ ആഗിരണം ചെയ്‌താൽ തന്നെ,ആ വസ്തുവിന്റെ ആഗിരണം ചെയ്യാനുള്ള പരിധി കഴിഞ്ഞാൽ അവ വീണ്ടും പ്രകാശത്തെ പ്രസരിപ്പിക്കും എന്ന് കരുതേണ്ടി വരും. അത് വീണ്ടും കുഴപ്പമുണ്ടാക്കും.

നക്ഷത്രങ്ങളുടെ ഗോളസങ്കല്പം മാറിയെങ്കിലും,ആ ചോദ്യം അവശേഷിപ്പിച്ച തലവേദന ചെറുതല്ല. 
എന്നാൽ പിൽക്കാലത്തു വന്ന പല കണ്ടുപിടിത്തങ്ങളും ഇതിനു ഉത്തരം നൽകാൻ പ്രാപ്തമായവയായിരുന്നു.

അതിലൊന്നാണ് ബിഗ് ബാങ് തിയറി. ബിഗ് ബാങ് തിയറി അനുസരിച്ച്, ഒരു പൊട്ടിത്തെറിയിൽ തുടങ്ങിയതാണ് പ്രപഞ്ചമെങ്കിൽ അതിനൊരു തുടക്കമുണ്ടായിരുന്നു എന്ന് വേണം കരുതാൻ. അങ്ങനെയെങ്കിൽ പ്രപഞ്ചത്തിനു ഒരു പ്രായമുണ്ടെന്നും കരുതേണ്ടി വരും. അങ്ങനെയാണെങ്കിൽ ആ പ്രായത്തിൽ കൂടുതൽ സമയം പ്രകാശം എന്തായാലും സഞ്ചരിക്കാനിടയില്ല.പ്രപഞ്ചം വികസിച്ചു വികസിച്ചു, ആ പ്രായത്തിൽ കൂടുതൽ സമയമെടുത്താൽ മാത്രം എത്തുന്ന തരത്തിലേക്ക് ഒരു നക്ഷത്രം നമ്മളിൽ നിന്നും അകന്നു പോയിട്ടുണ്ടെങ്കിൽ,നമ്മളിപ്പോഴും ആ നക്ഷത്രത്തെ കണ്ടിട്ടില്ലെന്നാണ് അർഥം. അതായത് അതിലെ പ്രകാശം ഇപ്പോഴും നമ്മളിലേക്കെത്തിയിട്ടില്ല എന്ന്. അങ്ങനെ നോക്കുകയാണെങ്കിൽ ഇനിയും എത്രയോ നക്ഷത്രങ്ങളെയും ഗാലക്സികളെയും നമ്മൾ കാണാൻ ഇരിക്കുന്നതെ ഉള്ളു.


വികസിക്കുന്ന പ്രപഞ്ചം വളരെ കൂടിയ ത്വരിത(Accelerated) വേഗതയിലാണെന്ന കണ്ടെത്തൽ ഈ ചോദ്യത്തിന് ഒരു വിരാമയിടുകയാണ് ചെയ്യുന്നത്. അതിവേഗം വികസിക്കുന്ന പ്രപഞ്ചം,പ്രകാശത്തിനു എത്താൻ സാധിക്കാത്ത മേഖലകൾ കൂടുതലായി പ്രപഞ്ചത്തിൽ സൃഷ്ടിക്കുന്നു. അത് കൂടിക്കൊണ്ടിരിക്കുമ്പോൾ,താത്വിയകമായി നമുക്ക് പറയാം,പ്രകാശം പ്രപഞ്ചത്തിൽ നിറയാൻ പോകുന്നില്ലെന്ന്. പ്രപഞ്ച വികാസത്തിന്റെ ത്വരിത വേഗം കുറയുകയോ, ത്വരണം വിപരീതദിശയിലോ ആയാലേ ഇനിയൊരു ഓൾബേർസ് പാരഡോക്സ് നമ്മൾ നോക്കേണ്ടതുള്ളൂ എന്ന് സാരം.



No comments:

Post a Comment